ജര്‍മ്മനിയില്‍ ഉന്നതവിദ്യാഭ്യാസത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. 20242025 അധ്യയന വര്‍ഷത്തില്‍ ഏകദേശം 4,02,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ് ജര്‍മ്മന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6% കൂടുതലാണിത്.
താങ്ങാനാവുന്നതും, ഉയര്‍ന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം, പഠനശേഷം ജോലി ചെയ്യാനുള്ള അവസരം എന്നിവയാണ് ജര്‍മ്മനിയെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. ജര്‍മ്മന്‍ അക്കാദമിക് എക്സ്ചേഞ്ച് സര്‍വീസിന്റെ (ഡി.എ.എ.ഡി) "വിസെന്‍ഷാഫ്റ്റ് വെല്‍ട്ടോഫെന്‍ 2025" റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്.
ഈ വര്‍ഷം പുതുതായി എത്തിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 1,16,000 ആണ്. ഇവരില്‍ ഏകദേശം 2,70,000 പേര്‍ ബിരുദ പ്രോഗ്രാമുകളിലാണ് ചേര്‍ന്നിട്ടുള്ളത്.
വിദേശ വിദ്യാര്‍ത്ഥികളെ അയക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ഏകദേശം 59,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ജര്‍മ്മനിയില്‍ പഠിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20% വര്‍ദ്ധനവാണിത്.
ചൈനയില്‍ നിന്ന് 38,600 വിദ്യാര്‍ത്ഥികള്‍. തുര്‍ക്കി, ഇറാന്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ ഏകദേശം 16,000 മുതല്‍ 20,000 വിദ്യാര്‍ത്ഥികളുമായി ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്.
ഏഷ്യ~പസഫിക് മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്~ 33 ശതമാനം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നാലിലൊന്ന് വരും.
ജര്‍മ്മനിയുടെ സാങ്കേതിക, പ്രായോഗിക മേഖലകളിലെ മികവ് പ്രതിഫലിച്ചുകൊണ്ട്, എഞ്ചിനീയറിംഗ് പ്രോഗ്രാമുകള്‍ക്കാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ ഡിമാന്‍ഡ്. അന്താരാഷ്ട്ര പ്രവേശനത്തിന്റെ 43% ഈ മേഖലയിലാണ്. ഇക്കണോമിക്സ്, ലോ, സോഷ്യല്‍ സയന്‍സ് സ്ട്രീമുകളിലായി 25%.
യു.എസ്., യു.കെ., കാനഡ തുടങ്ങിയ പ്രധാന പഠന കേന്ദ്രങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ നയങ്ങള്‍ കര്‍ശനമാക്കുമ്പോള്‍, ജര്‍മ്മനി മാസ്ററര്‍, ഡോക്ടറല്‍ തലങ്ങളില്‍ പ്രവേശനം വര്‍ധിപ്പിക്കുകയാണ്. ജര്‍മ്മന്‍ യൂണിവേഴ്സിറ്റികളില്‍ ഇപ്പോള്‍ ഏകദേശം 2,400 ഇംഗ്ളീഷ് ഭാഷാ കോഴ്സുകള്‍ ലഭ്യമാണ്. ഇതില്‍ 420 ബാച്ചിലര്‍ പ്രോഗ്രാമുകളും 1,930 മാസ്ററര്‍ പ്രോഗ്രാമുകളും ഉള്‍പ്പെടുന്നു.
ജര്‍മ്മനിയിലെ പൊതു സര്‍വകലാശാലകളിലെ സൗജന്യ ട്യൂഷന്‍ ഫീസ്, താരതമ്യേന കുറഞ്ഞ ജീവിതച്ചെലവ്, ഉദാരമായ പഠനാനന്തര തൊഴില്‍ അവസരങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. പൊതു സര്‍വകലാശാലകളില്‍ ട്യൂഷന്‍ ഫീസ് ഇല്ല; പ്രതിവര്‍ഷം 150~250 യൂറോ ഭരണപരമായ ചെലവ് മാത്രം. പ്രതിമാസ ശരാശരി ജീവിതച്ചെലവ് ഏകദേശം 930 യൂറോയാണ്. ബിരുദാനന്തരം 18 മാസം വരെ ജോലി അന്വേഷിക്കാന്‍ താമസിക്കാം. സര്‍വേകള്‍ പ്രകാരം 70% വിദ്യാര്‍ത്ഥികളും പഠനം പൂര്‍ത്തിയാക്കിയ ശേഷം ജര്‍മ്മനിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു.
ജനസംഖ്യയുടെ വാര്‍ദ്ധക്യം മൂലം 2035~ഓടെ ഉണ്ടാകാന്‍ സാധ്യതയുള്ള തൊഴിലാളി ക്ഷാമം ഏകദേശം 70 ലക്ഷം വരെയാണെന്ന് കണക്കാക്കുന്നു. ഇതു മറികടക്കാന്‍ കൂടിയാണ് ഈ നീക്കം. പഠനശേഷം ഇവിടെത്തന്നെ തുടരുന്ന അന്താരാഷ്ട്ര ബിരുദധാരികളുടെ എണ്ണം 2030~ഓടെ പ്രതിവര്‍ഷം 50,000 ആയി ഉയര്‍ത്താനാണ് ഡി.എ.എ.ഡി. ലക്ഷ്യമിടുന്നത്.

Comments: