
സമീപകാലത്ത് ജര്‍മന്‍ സ്കൂളുകളുടെ നിലവാരത്തില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും സ്കൂളുകളുടെ ആഗോള റാങ്കിങ്ങില്‍ ടോപ് 25നുള്ളില്‍ ജര്‍മന്‍ സ്കൂളുകളുണ്ട്.
സ്വന്തം രാജ്യങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ജര്‍മനിയിലേക്കു കുടിയേറിയവര്‍ക്ക് തങ്ങളുടെ മക്കളെ ജര്‍മന്‍ സ്കൂളുകളില്‍ പഠിപ്പിക്കുമ്പോള്‍ കാര്യമായ ചില വ്യത്യാസങ്ങള്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്.
ജര്‍മന്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് സമ്മര്‍ദമില്ലാതെ പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് പല വിദേശ മാതാപിതാക്കളും ചൂണ്ടിക്കാണിക്കുന്ന പ്രധാന ഗുണം. ഇന്ത്യയിലെ സ്കൂള്‍ പഠനം പോലെ മത്സരാധിഷ്ഠിതമല്ല ജര്‍മനിയില്‍ എന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളുടെ യഥാര്‍ഥ താത്പര്യം കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ആത്മാര്‍ഥമായ ശ്രമം ഇവിടെ കാണാം.
ഇന്ത്യയില്‍ പഠിച്ചവര്‍ പരീക്ഷാ സമ്മര്‍ദത്തെക്കുറിച്ച് വാചാലരാകും. എന്നാല്‍, ജര്‍മനിയില്‍ പഠിക്കുന്ന അവരുടെ കുട്ടികള്‍ക്ക് അങ്ങനെയൊരു ടെന്‍ഷനേയില്ലെന്ന് അവര്‍ പറയുന്നു.
സ്വതന്ത്ര ചിന്തയും നേരിട്ടുള്ള പ്രായോഗിക പരിചയങ്ങളുമാണ് മറ്റു ചില മാതാപിതാക്കള്‍ ജര്‍മന്‍ സ്കൂളിങ്ങിന്റെ പ്രധാന ഗുണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ പ്രകടന മികവിനു പ്രാധാന്യം നല്‍കുന്നത് കുട്ടികള്‍ക്കു മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നുണ്ടെങ്കില്‍ ആ പ്രശ്നം ജര്‍മനിയില്‍ ഇല്ലെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ജര്‍മനിയിലേതു പോലെ കുട്ടികളെ വെറുതേ അഴിച്ചുവിടരുതെന്നും അവരോട് കൂടുതല്‍ കര്‍ക്കശമായ നിലപാടെടുക്കുന്നതാണ് അച്ചടക്കത്തോടെ വളരാന്‍ നല്ലതെന്നും ചിന്തിക്കുന്നവരും കുറവല്ല. അവരുടെ കഴിവ് വിലയിരുത്തി ഓരോ മേഖലകളിലേക്കു തിരിച്ചു വിടുന്നത് വല്ലാതെ നേരത്തെ ആയിപ്പോകുന്നു എന്നതും ചിലര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നു.
ഭാവിയില്‍ എന്താകുമെന്ന് ആര്‍ക്കും മുന്‍കൂട്ടി ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ആറു വയസിനു മുന്‍പേ കുട്ടികളെ സ്പെഷ്യലിസ്ററ് മേഖലകളിലേക്കു തിരിച്ചുവിടുന്നത് ചിലപ്പോള്‍ തെറ്റായ തീരുമാനമായേക്കും എന്നാണ് ഇവര്‍ പറയുന്നത്.
ജര്‍മന്‍, മാത്തമാറ്റിക്സ് തുടങ്ങിയ കോര്‍ വിഷയങ്ങള്‍ക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നു എന്നും ചില മാതാപിതാക്കള്‍ക്ക് പരാതിയുണ്ട്.
സ്കൂളുകളില്‍ യൂണിഫോം ഇല്ലാത്തതാണ് ചില മാതാപിതാക്കളുടെ പരാതിക്ക് അടിസ്ഥാനം. കുട്ടികള്‍ പലതരം വസ്ത്രങ്ങള്‍ ധരിക്കുന്നത് അവര്‍ക്കിടയില്‍ തന്നെ പലതരം പരിഹാസങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും കാരണമാകാമെന്ന് ഈ അഭിപ്രായമുള്ള മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
സ്കൂള്‍ സമയം നേരത്തെ ആരംഭിച്ച് നേരത്തെ അവസാനിക്കുന്നതാണ് മറ്റു ചില മാതാപിതാക്കളുടെ പ്രശ്നം. എന്നാല്‍, ഇത് കുട്ടികള്‍ക്ക് കളിക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നതിനാല്‍ നല്ലതാണെന്നു കരുതുന്നവരുമുണ്ട്.

Comments: