തിരുവനന്തപുരം: ലോകചമ്പ്യന്മാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ പ്രതികരിച്ച് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍. അര്‍ജന്‍റീന കേരളത്തിലെത്തുന്നത് സംബന്ധിച്ച് കാര്യത്തില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നാണെന്നാണ് അസോസിയേഷന്‍റെ വെളിപ്പെടുത്തല്‍.
എഎഫ്എ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ മാധ്യമപ്രവര്‍ത്തകനുമായി സ്പാനിഷ് ഭാഷയില്‍ ആശയവിനിമയം നടത്തുന്നതിന്‍റെ വിശദാംശങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
എഎഫ്എ കേരളത്തിലെ സ്പോണ്‍സറില്‍ നിന്ന് 130 കോടി രൂപ വാങ്ങിയെന്നും എന്നിട്ടും കേരളം സന്ദര്‍ശിക്കുന്നതില്‍ നിന്ന് പിന്‍മാറിയ അര്‍ജന്‍റീന ടീം കരാര്‍ ലംഘനം നടത്തിയല്ലോ എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം, എന്നാല്‍ മറുപടിയായി അദ്ദേഹം, അങ്ങനെയല്ല കാര്യങ്ങല്‍ എന്നായിരുന്നു പ്രതികരിച്ചത്. കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പീറ്റേഴ്സണ്‍ മറുപടി നല്‍കാന്‍ തയാറായിരുന്നില്ല.
ഇനി ഇത് സംബന്ധിച്ച് കുടുതല്‍ വിശദാംശങ്ങള്‍ നല്‍കേണ്ടത് കേരള സര്‍ക്കാരും കായിക മന്ത്രി വി. അബ്ദുള്‍ റപ്മാനുമാണ്. അര്‍ജന്‍റീന ടീമിനെയും മെസിയെയും കേരളത്തിലേക്ക് എത്തിക്കുന്നതിനായി കായികമന്ത്രി സ്പെയിനിലെ മാഡ്രിഡിലെത്തി ചര്‍ച്ച നടത്തിയത് ലിയാന്‍ഡ്രോ പീറ്റേഴ്സനുമായിട്ടായിരുന്നു.

Comments: