അമിനോ ആസിഡ് ശ്രേണിയും പ്രോട്ടീന്‍ ഘടനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഇവരുടെ ഗവേഷണമാണു പരിഗണിച്ചതെന്നു രസതന്ത്ര നൊബേല്‍ പുരസ്കാര സമിതി അധ്യക്ഷന്‍ ഹെയ്നെര്‍ ലിങ്കെ പറഞ്ഞു. രസതന്ത്രത്തില്‍, പ്രത്യേകിച്ച് ജൈവരസതന്ത്രത്തില്‍ ഏറെക്കാലമായി വലിയ വെല്ലുവിളിയെന്നു കരുതിയ രഹസ്യത്തിന്‍റെ ചുരുളാണ് ഇവര്‍ അഴിച്ചതെന്നും അദ്ദേഹം. സിയാറ്റിലിലെ വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുകയാണ് ബേക്കര്‍. ഹസ്സബിസും ജംപറും ലണ്ടനില്‍ ഗൂഗ്ള്‍ ഡീപ്മൈന്‍ഡില്‍ പ്രവര്‍ത്തിക്കുന്നു.
കംപ്യൂട്ടറുകളുടെ സഹായത്തോടെ പ്രോട്ടീന്‍ ഡിസൈന്‍ ചെയ്തതിന് (കംപ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈന്‍ ) പുരസ്കാരത്തിന്‍റെ പകുതി തുക ഡേവിഡ് ബേക്കര്‍ക്കു ലഭിക്കും. എഐയുടെ സഹായത്തോടെ പ്രോട്ടീന്‍റെ ഘടന പ്രവചിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച ഹസ്സാബിസും ജംപറും ബാക്കി തുക പങ്കിടും. ക്വാണ്ടം ഡോട്ടുകള്‍ കണ്ടെത്തിയതിനു കഴിഞ്ഞ വര്‍ഷവും രസതന്ത്ര നൊബേല്‍ മൂന്നു പേര്‍ പങ്കിടുകയായിരുന്നു.
മെഷീന്‍ ലേണിങ്ങില്‍ നല്‍കിയ സംഭാവനയ്ക്ക് ജോണ്‍ ജെ. ഹോപ്പ്ഫീല്‍ഡ്, ജെഫ്രി ഹിന്‍റണ്‍ എന്നിവര്‍ക്ക് ഊര്‍ജതന്ത്ര നൊബേല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൃത്രിമ ന്യൂറല്‍ നെറ്റ്വര്‍ക്കിലൂടെ മെഷീന്‍ ലേണിങ് സാധ്യമാക്കിയതിനാണ് പുരസ്കാരം.

Comments: