ഇസ്ളാമാബാദ്: ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ഭീകര ഒളിത്താവളങ്ങളെ കേന്ദ്രീകരിച്ച് പാക്കിസ്ഥാന് വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര് മരിച്ചു. ഗ്രാമത്തിലെ സാധാരണക്കാരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചതെന്നാണ് വിവരം.
തിറ താഴ്വരയിലെ മത്രെ ദാര ഗ്രാമത്തില്‍ പാക്കിസ്ഥാന് യുദ്ധവിമാനങ്ങള്‍ എട്ട് എല്‍എസ്~6 ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
ഭീകരരുടെ ഒളിത്താവളങ്ങള്‍ ധാരാളമുള്ള സ്ഥലമാണ് ഖൈബര്‍ വാലി താഴ്വര. ഭീകരരെ വധിക്കുന്നതിനായാണ് തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെ വ്യോമസേന ആക്രമണം നടത്തിയത്. തെഹ്രീക്~ഇ~താലിബാന് പാക്കിസ്ഥാന് (ടിടിപി) തീവ്രവാദികളായിരുന്നു ലക്ഷ്യമെന്ന് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കൊല്ലപ്പെട്ടവരെല്ലാം പ്രദേശത്തെ സാധാകരണക്കാരാണ്. ഒരു ഭീകരന് പോലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.
സംഭവം പുറത്തു വന്നതിനു പിന്നാലെ ആക്രമണം നടത്തിയിട്ടില്ലെന്ന് അറിയിച്ച് പാക് വ്യോമസേന രംഗത്തെത്തി. എന്നാല്‍, ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, പുലര്‍ച്ചെ 2 മണിയോടെ ചൈന നല്കിയ ജെഎഫ്~17 തണ്ടര്‍ ജെറ്റുകള്‍ ഉപയോഗിച്ചുകൊണ്ട് വ്യോമസേന ഓപ്പറേഷന് നടത്തുകയായിരുന്നു. കുറഞ്ഞത് എട്ട് എല്‍എസ്~6 പ്രിസിഷന്‍ ഗൈ്ളഡ് ബോംബുകളെങ്കിലും വര്‍ഷിച്ചു. ആക്രമണങ്ങള്‍ സിവിലിയന്‍ സെറ്റില്‍മെന്റിലുടനീളം ഒന്നിലധികം സ്ഫോടനങ്ങളുണ്ടായതായി പറയപ്പെടുന്നു.

Comments: